Ads by Google

ലേഡീസ്‌ ആന്‍ഡ് ജെന്റില്‍മാന്‍ റിവ്യൂ

ദേവ് കി

  1. Ladies and gentleman review
mangalam malayalam online newspaper

പ്രതിഭാശാലിയായ സംവിധായകന്‍ മാത്രമല്ല ഏറെ ബുദ്ധിമാനായ ബിസിനസ്സുകാരന്‍ കൂടിയാണ്‌ താനെന്ന്‌ തെളിയിക്കുകയാണ്‌ ലേഡീസ്‌ ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെ സിദ്ധിഖ്‌. മിച്ചം വന്ന ഇന്നലത്തെ ചോറ്‌ പഴക്കവും അരുചിയും അനുഭവപ്പെടുത്താതെ പുതുമയുടെ ആവി പറക്കുന്ന ഇഡ്‌ഡലിയാക്കി ഇന്ന്‌ വിളമ്പുന്ന ഹോട്ടലുകാരന്റെ വൈഭവത്തെ ഈ സിനിമയിലൂടെ സിദ്ധിഖ്‌ ഓര്‍മ്മിപ്പിച്ചു. ഹോട്ടലുകാരന്റെ ആ വൈഭവം അല്ലെങ്കില്‍ കൈപ്പുണ്യം സിനിമക്കാരുടെ ഭാഷയില്‍ കൈയ്യടക്കം ആവുന്നു. നല്ല കൈയ്യടക്കമുള്ള സംവിധായകന്‍ തന്നെയാണ്‌ സിദ്ധിഖ്‌. ലേഡീസ്‌ ജെന്റില്‍മാന്‍ എന്ന സിനിമ ആസ്വാദ്യകരമാവുന്നതും ആ കൈയ്യടക്കം കൊണ്ടുതന്നെയാണ്‌.

മോഹന്‍ലാലിന്റെ മദ്യപന്മാരായ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ എന്നും രസിപ്പിച്ചിട്ടുണ്ട്‌. ആദ്യന്തം മദ്യപനായ ചന്ദ്രബോസ്‌ എന്ന മോഹന്‍ലാല്‍ കഥാപാത്രം തന്നെയാണ്‌ ഈ സിനിമയുടെ ലഹരി. മോഹന്‍ലാല്‍ ഫാന്‍സിന്‌ പൂര്‍ണ്ണതൃപ്‌തി നല്‍കും വിധം സിദ്ധിഖ്‌ ചന്ദ്രബോസിനെ അണിയിച്ചൊരുക്കിയിരിക്കുന്നു. നിഷ്‌പക്ഷമതികളായ പ്രേക്ഷകരുടെ പ്രിയത്തെ ആശ്രയിച്ചാവും ഇനി ലേഡീസ്‌ ആന്റ്‌ ജെന്റില്‍മാന്‍ തന്റെ ലാഭക്കണക്ക്‌ ഉയര്‍ത്തുകയോ നിലനിര്‍ത്തുകയോ മുരടിപ്പിക്കുകയോ ചെയ്യുക. റിലീസിങ്ങിനു മുന്‍പേ തന്നെ ഒന്നരക്കോടി രൂപ ഈ ജെന്റില്‍മാന്‍ നേടിയെടുത്തിരിക്കുന്നതിനാല്‍ നിര്‍മ്മാതാക്കള്‍ സുരക്ഷിതതീരം തൊട്ടിരിക്കുന്നു.

വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്ന ഭാര്യയെ(മീര ജാസ്‌മിന്‍) ഓര്‍ത്തുകൊണ്ട്‌ അര്‍ദ്ധരാത്രിയില്‍ മദ്യപിച്ചും വിലപിച്ചും തെരുവിലൂടെ അലയുന്ന ചന്ദ്രബോസിനെയും അയാളുടെ സഹായിയായ മണിയെയും (കലാഭവന്‍ ഷാജോണ്‍) പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തിക്കൊണ്ടാണ്‌ സിനിമ തുടങ്ങുന്നത്‌. ആ രാത്രിയില്‍ അവര്‍ ശരത്‌ (ക്രിഷ്‌ ജെ. സത്താര്‍) എന്ന എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം പരാജയപ്പെടുത്തുവാന്‍ ഇടവരുന്നു. കോളേജില്‍ ഏറ്റവും നന്നായി പഠിച്ചു വന്നിരുന്ന, ക്യാമ്പസ്‌ സെലക്ഷനിലൂടെ ഒറാക്കിളില്‍ ജോലി ലഭിച്ച ശരത്തിനെ കോളേജ്‌ അധികൃതര്‍ മനപ്പൂര്‍വ്വം തോല്‌പിക്കുകയും അയാളുടെ പേരില്‍ ക്രിമിനല്‍ കേസ്‌ എടുപ്പിക്കുകയും ചെയ്‌തതിന്റെ ദു:ഖത്തിലാണ്‌ ശരത്തിന്റെ ആത്മഹത്യാശ്രമത്തിന്‌ കാരണമായതെന്നും ചന്ദ്രബോസ്‌ മനസ്സിലാക്കുന്നു. അയാള്‍ ശരത്തിനെ ആ രാത്രി വീട്ടില്‍ കൊണ്ടാക്കുന്നു.

ശരത്തിലൂടെതന്നെ ചന്ദ്രബോസ്‌ ഐടി പ്രഫഷണലുകളായ അനു(മംമ്‌ത മോഹന്‍ദാസ്‌), ചിന്നു( മിത്ര കുര്യന്‍) പിന്നെ ശരത്തിന്റെ സഹോദരിയായ ജാ്യേതി(പത്മപ്രിയ) എന്നിവരിലേയ്‌ക്ക് എത്തിച്ചേരുന്നു. വളരെ വേഗം ചന്ദ്രബോസ്‌ അവര്‍ക്കെല്ലാം പ്രിയപ്പെട്ടവനായി. അയാള്‍ അവര്‍ക്ക്‌ മാര്‍ഗദര്‍ശിയും സ്‌നേഹിതനുമായി. ചന്ദ്രബോസിന്റെ പിന്തുണയോടെ ശരത്തും അനുവും ചിന്നുവും ചേര്‍ന്ന്‌ ഒരു ഐ.ടി കമ്പനി തുടങ്ങുന്നു. പിന്നീട്‌ ചന്ദ്രബോസിന്റെയും ഈ യങ്ങ്‌ പ്രഫഷണലുകളുടെയും ബന്ധത്തിലുണ്ടാവുന്ന മാറ്റങ്ങളും അയാള്‍ അവരില്‍ ചെലുത്തുന്ന ഇടപെടലുകള്‍ എപ്രകാരമാണ്‌ അവരെ സ്വാധീനിക്കുന്നതെന്നും ആരായിരുന്നു ചന്ദ്രബോസെന്നും എന്തിനുവേണ്ടിയാണ്‌ അയാള്‍ ഒരു മദ്യപന്റെ വേഷം മനപ്പൂര്‍വ്വം കെട്ടിയാടുന്നതെന്നുമൊക്കെയാണ്‌ സിനിമ പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തരുന്നത്‌.

വിരസതകൂടാതെ സിനിമ തീര്‍ക്കാന്‍ സിദ്ധിഖിന്‌ കഴിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ ഒട്ടൊന്ന്‌ ദിശാബോധം നഷ്‌ടപ്പെട്ടുവോ എന്ന്‌ തോന്നിപ്പിക്കുന്നുണ്ട്‌ ഈ ജെന്റില്‍മാന്‍. ആദ്യപകുതിയുടെ ആവേശം ഇടയിലെവിടെയോ കെട്ടുപോവുന്നു. എന്നാല്‍ മനോഹരമായൊരു പരകോടിയിലൂടെയും ആസ്വാദ്യകരമായ അന്തിമപരിസമാപ്‌തിയിലൂടെയും തീയ്യേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകരില്‍ നഷ്‌ടംബോധം അനുഭവപ്പെടുത്താതിരിക്കാന്‍ സിദ്ധിഖിനു കഴിഞ്ഞു. അതാണ്‌ കൈയ്യടക്കമുള്ളതിന്റെ ഗുണം. രസകരമായ കുറേയേറെ നിമിഷങ്ങളും ഹൃദയസ്‌പര്‍ശിയായ സംഭാഷണ ശകലങ്ങളും അസ്വാദ്യകരമായ നര്‍മ്മങ്ങളും ഇമ്പമാര്‍ന്ന ഗാനങ്ങളുമായി സിദ്ധിഖിന്റെ സ്‌ത്രീകളും മാന്യനായ മനുഷ്യനും വിഷുക്കാല ആഘോഷത്തിന്‌ തിടമ്പേറ്റും.

മനോജ്‌ കെ ജയന്‍, ഗണേഷ്‌ കുമാര്‍, കൃഷ്‌ണകുമാര്‍, ശിവജി ഗുരുവായൂര്‍, ചാലി പാല, നാസര്‍ ലത്തീഫ്‌, ശ്രീലത നമ്പൂതിരി, അരുണ്‍ സിദ്ധാര്‍ത്ഥന്‍, സുധീര്‍ ഖാന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍കൊണ്ട്‌ സമ്പന്നമാണ്‌ ലേഡീസ്‌ ജെന്റില്‍മാന്‍
രതീഷ്‌ വേഗയാണ്‌ സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ലോക്‌ള്‍പാലില്‍ വരുത്തിയ പിഴവ്‌ ഇതില്‍ രതീഷ്‌ തിരുത്തിയിരിക്കുന്നു. സിനിമയുടെ മിഴിവിന്റെ മികവിനു തെളിവായി സതീഷ്‌ കുറുപ്പിന്റെ ഛായാഗ്രഹണം. കെ.ആര്‍ ഗൌരി ശങ്കര്‍ വിദഗ്‌ദമായി എഡിറ്റിംഗ്‌ നിര്‍വ്വഹിച്ചിരിക്കുന്നു.

കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്‌ സംവിധായകനായ സിദ്ധിഖ്‌ തന്നെയാണ്‌. ആന്റണി പെരുമ്പാവൂരിനോടൊപ്പം കോണ്‍ഫിടന്റ്‌ റോയ്‌ കൂടെ നിര്‍മ്മാണ പങ്കാളിയായി. ആശീര്‍വാദ്‌ ഫിലിംസ്‌ തന്നെയാണ്‌ ചിത്രത്തിന്റെ വിതരണവും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

പൂച്ചപ്പുലി

പുലിയുടെ രൂപം ഉണ്ടെങ്കിലും പൂച്ചയെ ആരും പുലി എന്നു...‌

mangalam malayalam online newspaper

കള്ളന്മാരുടെ കാലം

കള്ളന്മാരുടെ സീസണാണെന്നു തോന്നുന്നു മലയാസിനിമയില്‍. '...‌

mangalam malayalam online newspaper

കള്ളന്മാരുടെ കാലം

കള്ളന്മാരുടെ സീസണാണെന്നു തോന്നുന്നു മലയാസിനിമയില്‍. '...‌

mangalam malayalam online newspaper

ലൈഫുള്ള ജോസൂട്ടി

മെമ്മറീസ്, ദൃശ്യം; തുടര്‍ച്ചയായി രണ്ടു ബമ്പര്‍ ഹിറ്റുകള്...‌

urumbukal urangarilla movie review

ഉറുമ്പുകള്‍ ചിരിപ്പിക്കാറുണ്ട്

കള്ളന്മാരുടെ കോമഡിക്ക് മലയാള സിനിമയില്‍ എന്നും മാര്‍...‌

session_write_close(); mysql_close();