ഇഴഞ്ഞും കുതിച്ചും ലോക്‌പാല്‍
ഹരീഷ് ശിവരാമന്‍
Story Dated: Thursday, January 31, 2013 07:38

നാടുവാഴികള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം 22 വര്‍ഷങ്ങളുടെ ഇടവേളതാണ്ടി മോഹന്‍ലാല്‍ എസ്.എന്‍. സ്വാമി ജോഷി കൂട്ടുകെട്ടില്‍ ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് ലോക്‌പാല്‍ തീയ്യേറ്ററുകളിലെത്തിയത്. അതുമാത്രമല്ല ഈ ചിത്രത്തിന്റെ പ്രത്യേകത. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സൂപ്പര്‍താരചിത്രം അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി നിര്‍മ്മിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഹാപ്പി ആന്റ് റൂബി ഗ്രൂപ്പുമായി സഹകരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ സെക്രട്ടറി എസ്. എല്‍ വിമല്‍കുമാറാണ് ലോക്‌പാല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ആദ്യാവസാനം അഴിമതിക്കെതിരെയുള്ള പോരാട്ടം വിഷയമാകുന്ന സിനിമ മലയാളത്തില്‍ അപൂര്‍വ്വമായേ സംഭവിച്ചിട്ടുള്ളു. ആ ഗണത്തിലേയ്‌ക്ക് വകയിരുത്താവുന്ന ചിത്രമാണ് ലോക്‌പാല്‍. അഴിമതിക്കെതിരെ നന്ദഗോപാല്‍ (മോഹന്‍ലാല്‍) എന്ന കോഫി ഷോപ്പ് ഉടമ നടത്തുന്ന പടനീക്കങ്ങളാണ് സിനിമ പറയുന്നത്. ആഗസ്‌റ്റ് 15 എന്ന മഹാസിനിമാദുരന്തത്തിനായി തൂലികയേന്തിയ എസ്. എന്‍. സ്വാമി സ്വന്തമായി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ചിത്രമായിരുന്നു ലോക്‌പാല്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീടതിന്റെ സംവിധാനഭാരം ജോഷിയുടെ ചുമലുകളില്‍ എത്തിച്ചേരുകയായിരുന്നു. ജോഷി സമര്‍ത്ഥമായി സംവിധാനകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്‌തു.
മീര നന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ലോക്‌പാല്‍ ആരെന്ന് കണ്ടുപിടിക്കാനായി നടത്തുന്ന ശ്രമങ്ങളോടെയാണ് സിനിമ തുടങ്ങുന്നത്. നീണ്ടകാലം സത്യാനേ്വഷി എന്ന മാസികയിലൂടെ അഴിമതിക്കെതിരെ പോരാടിയ സത്യാനേ്വഷി മുകുന്ദന്‍ മേനോന്റെ (ടി.ജി രവി) സഹായിയും പുത്രിതുല്യയുമായ കഥാപാത്രത്തെയാണ് മീര നന്ദന്‍ അവതരിപ്പിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭരണം, നീതിനിര്‍വ
2000
വഹണം അങ്ങനെയങ്ങനെ സാമൂഹ്യജീവിതത്തിന്റെ നാനാതുറകളിലും ആഴത്തില്‍ വേരോട്ടമുള്ള അഴിമതിയ്‌ക്കെതിരെ പോരാട്ടം നടത്തുന്ന ലോക്‌പാല്‍ ആരെന്നകാര്യത്തില്‍ ആര്‍ക്കുമൊരു തിട്ടവുമില്ല. ലോക്‌പാല്‍ എന്ന വെബ്‌സൈറ്റ് മാത്രമാണ് ജനത്തിനറിയാവുന്നത്. നിസ്സാരരും ഇരകളുമായ സാധാരണ ജീവിതങ്ങള്‍ ലോക്‌പാലിന്റെ ആരാധകരുമാണെന്ന് സിനിമ പറയുന്നു. അഴിമതിക്കെതിരെ അണ്ണ ഹസാരെ ഉയര്‍ത്തിയ സമരപോരാട്ടങ്ങളുടെ വേറിട്ട ചുവടുകളാണ് ഇവിടെ ലോക്‌പാല്‍ ആടിത്തീര്‍ക്കുന്നത്. എന്നാല്‍ സിനിമ ഒരിടവും അണ്ണ ഹസാരെയെ ഓര്‍മ്മിപ്പിക്കുന്നുമില്ല. ലോക്‌പാല്‍ എന്ന പേരിലല്ലാതെ.
തിന്മയ്‌ക്കുമേല്‍ നന്മ വിജയം നേടുക എന്ന കാവ്യനീതി ഈ സിനിമയും പുലര്‍ത്തി എന്നതിനാല്‍ കഥപറച്ചില്‍ ഇവിടെ നിര്‍ത്തി കാര്യങ്ങളിലേയ്‌ക്ക് വരാം. അല്ലെങ്കില്‍ സിനിമയുടെ കഥ വായനക്കാര്‍ക്ക് പറഞ്ഞുകൊടുക്കുക എന്നത് നിരൂപക തച്ചന്മാരുടെ പണിയല്ലല്ലോ. ഓണ്‍ലൈന്‍ നിരൂപണസമ്പ്രദായത്തില്‍ ക്ലൈമാക്‌സ് വരെ പുനരാവിഷ്‌കരിക്കാന്‍ കഴിയുന്ന നിരൂപകശ്രേഷ്‌ഠരുടെ പാത പിന്‍തുടരാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. വായനക്കാര്‍ ക്ഷമിക്കുക. സിനിമയുടെ കഥ അറിയേണ്ടവര്‍ സിനിമ കാണുകയാണ് വേണ്ടത്.
ഓരോ സിനിമയ്‌ക്കും അതിന്റേതായ സ്വഭാവമുണ്ട്. കുടുംബചിത്രം, കോമഡിപ്പടം , ആക്ഷന്‍ ത്രില്ലര്‍, അവാര്‍ഡ് പടം, അങ്ങനെ ചില കള്ളിയില്‍പ്പെടുത്തലുകള്‍ ഉണ്ട്. ഏത് ലേബലിലാണോ ചിത്രമൊരുക്കുന്നത് ആ വിലാസത്തോട് നീതിപുലര്‍ത്തുന്ന കഥാകഥനരീതിയും വേഗതയും ആ ചിത്രത്തിനു വേണ്ടി നല്‍കാനുള്ള ബുദ്ധി സംവിധായകനും എഴുത്തുകാരനും ഒരുപോലെ കാണിക്കേണ്ടതുണ്ട്. ലോക്‌പാല്‍ ഒരു ആക്ഷന്‍ ത്രില്ലറെന്ന ലേബല്‍ ചാര്‍ത്തി വന്ന പടമാണ്. സ്വാഭാവികമായും ആ സിനിമ ഒരു കുതിരപ്പാച്ചിലിന്റെ വേഗം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഇടവേള വരെയുള്ള ലോക്‌പാല്‍ പലപ്പോഴും ഇഴയുന്നതായും കിതക്കുന്നതായും കാണാനാവും. അവിടെയാണ് പശ്‌ചാത്തല സംഗീതത്തിന് സിനിമയിലുള്ള സ്‌ഥാനം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാനാവുക. മോഹന്‍ലാല്‍ജോഷി ടീമിന്റെ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിനായി സംഗീത സംവിധാനം ചെയ്‌ത ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചായവെ ഹിറ്റാക്കിയ രതീഷ് വൈഗ ലോക്‌പാലില്‍ നിരാശപ്പെടുത്തുകയുണ്ടായി. കുറച്ചുകൂടി ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ കൂട്ട് ഉണ്ടായിരുന്നുവെങ്കില്‍ ഇടവേള വരെയുള്ള ഇഴച്ചില്‍ നല്‍കുന്ന മുഷിപ്പ് മാറ്റാന്‍ വൈഗയ്‌ക്ക് വേഗത്തില്‍ കഴിയുമായിരുന്നു. ഞാന്‍ പറഞ്ഞതിനോട് എതിര്‍പ്പുള്ളവരുണ്ടാവാം. എഴുത്തുകാരന്‍ എസ്.എന്‍ സ്വാമി പോലും പറയില്ല ഞാന്‍ പറഞ്ഞത് വിഡ്‌ഢിത്തമാണെന്ന്. (പിന്നില്‍ കൈകെട്ടി വരുന്ന സേതുരാമയ്യര്‍ക്ക് ഇത്ര പകിട്ടേകിയത് പിന്നില്‍ മുഴങ്ങുന്ന പ്രശസ്‌തമായ ആ ട്യൂണ്‍ ആയിരുന്നില്ലേ സ്വാമി?)
ഇടവേളയ്‌ക്ക് തൊട്ടുമുന്‍പായി വരുന്ന ഡോ: ഗീതയുടെ(കാവ്യ മാധവന്‍) മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നന്ദഗോപാലിനോട് പറയുന്ന ആദ്യസംഭാഷണ ശകലം ഒഴിവാക്കുകയോ മറ്റൊരു വര്‍ത്തമാനത്തിലൂടെ അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധം പ്രേക്ഷകര്‍ക്കായി പകര്‍ന്നുനല്‍കുകയോ ചെയ്‌തിരുന്നുവെങ്കില്‍ എന്ന് ആ സംഭാഷണം കേട്ട ഈറയില്‍ ആലോചിച്ചു പോയി. കാവ്യയുടെ കഥാപാത്രം ഉരുവിടുന്ന പലവര്‍ത്തമാനങ്ങളും അവരുടെ വ്യക്‌തിജീവിതവുമായി ബന്ധപ്പെടുത്തി ചില പ്രേക്ഷകരെങ്കിലും കേട്ടിരിക്കാം. കഥാപാത്രങ്ങളെ അഭിനേതാക്കളുമായി ബന്ധപ്പെടുത്തി കാണുന്നതിന്റെ ന്യൂനതയുമായി അത് കരുതാമായിരിക്കും.
ഇടവേളയ്‌ക്ക് ശേഷം സിനിമ തീര്‍ച്ചയായും അതിന്റെ എല്ലാ സ്വഭാവരീതികളെയും മാനിക്കും വിധം പെരുമാറുന്നു. ഒട്ടും ഇഴച്ചിലില്ലാതെ, ആസ്വാദ്യകരമായി, ഒരു ആക്ഷന്
2000
ത്രില്ലര്‍ ചിത്രത്തിനുവേണ്ട ട്വിസ്‌റ്റുകളും വേഗതയുമായി അത് പരിണാമഗുപ്‌തിയിലേയ്‌ക്ക് പായുന്നു. ചിത്രത്തിന്റെ ഹൈലൈറ്റ് ആയി ഉയര്‍ത്തിക്കാട്ടുന്ന മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചകള്‍ കടുത്ത ആരാധകരെ ആവേശം കൊള്ളിച്ചേക്കാം. അതല്ലാതെ കഥാഗതിയില്‍ അത്തരം പ്രച്‌ഛന്നവേഷങ്ങള്‍ സിനിമയ്‌ക്കോ ലോക്‌പാലാവുന്ന നന്ദഗോപാലിനോ പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യുന്നില്ല. (ടി.ടി.ആര്‍ ആയി വരുന്ന ഉലകനായകന്‍ വേഷത്തില്‍ ലാല്‍ മോശമല്ലാത്ത ചിരിയും ആസ്വാദനവും നല്‍കും) സായ്‌കുമാര്‍ അവതരിപ്പിച്ച വേഷം ഇന്നസെന്റിനായി പറഞ്ഞുവച്ചിരുന്നതുകൊണ്ടാവാം സായ് പലപ്പോഴും ഇന്നസെന്റിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു. (ഇന്നസെന്റ് രോഗബാധിതനായതുകൊണ്ടാണ് സായ്‌കുമാറിന് ആ വേഷം കൊടുത്തത്) മനോജ് കെ. ജയന്‍, കൃഷ്‌ണകുമാര്‍, ഷമ്മി തിലകന്‍ എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി. കാവ്യയുടെ ഡോ. ഗീതയ്‌ക്ക് കഥാഗതിയില്‍ നിര്‍ണ്ണായക സ്‌ഥാനമുണ്ടെന്നത് പറയാതെ വയ്യ.
അമിതപ്രതീക്ഷകളൊന്നും കൂടാതെ വരുന്ന പ്രേക്ഷകര്‍ക്ക് രണ്ടേകാല്‍ മണിക്കൂര്‍ ചിലവഴിച്ച് തീയ്യേറ്റര്‍ വിടുമ്പോള്‍ കാര്യമായ നഷ്‌ടബോധങ്ങളൊന്നും അനുഭവപ്പെടുത്താന്‍ ഇടവരുത്തുന്നില്ല ഈ ലോക്‌പാല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക