Ads by Google

പകയും കാമവും ഇണചേര്‍ന്നപ്പോള്‍

കെ.എന്‍. ഷാജികുമാര്‍

  1. Itha Ivide vare
mangalam malayalam online newspaper

പകയും കാമവും മനുഷ്യമനസിലെ ശാശ്വതമായ വികാരങ്ങളാണ്. അതിരുകവിഞ്ഞാല്‍ മനുഷ്യനെ തകര്‍ക്കുന്നതും ഈ അനാദിവികാരങ്ങള്‍തന്നെ. പത്മരാജന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത 'ഇതാ ഇവിടെ വരെ' മനുഷ്യമനസിലെ സ്ഥായിയായ വികാരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ്. റിയലിസ്റ്റിക്കായ കഥയും സംഭാഷണങ്ങളുമുള്ള ഈ ചിത്രത്തെ മലയാളത്തിലെ മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. 1977 ഓഗസ്റ്റ് 25-നാണ് 'ഇതാ ഇവിടെ വരെ' തിയേറ്ററുകളിലെത്തിയത്.
കാഫ്കയും കാമുവും ചര്‍ച്ച ചെയ്ത അസ്തിത്വവാദത്തിന്റെ പ്രതീകമാണ് 'ഇതാ ഇവിടെ വരെ'യിലെ നായകനായ വിശ്വനാഥനും പ്രതിനായകനായ പൈലിയും. കഥയുടെ പുരോഗതിയില്‍ പലയിടത്തും നായകന്‍ പ്രതിനായകനായും പ്രതിനായകന്‍ നായകനായും മാറുന്ന അപൂര്‍വം ദൃശ്യങ്ങളാല്‍ വിഭ്രമിപ്പിക്കുന്ന ചിത്രമാണ്. കഥാന്ത്യത്തില്‍ പ്രതിനായകന്‍ നായകനെ തോല്‍പ്പിക്കുമ്പോള്‍ ആധുനിക അസ്തിത്വവാദത്തിന്റെ തലം അനാവരണം ചെയ്യുന്നു.
'മൈ മദര്‍ ദീസ് ഡെഡ് ടുഡേ ഓര്‍ യെസ്റ്റര്‍ഡേ' എന്ന വാചകത്തോടുകൂടിയാണ് അസ്തിത്വവാദനത്തിന്റെ അടിസ്ഥാന ഗ്രന്ഥമായി കരുതപ്പെടുന്ന കാമുവിന്റെ 'ഔട്ട്‌സൈഡര്‍' എന്ന നോവല്‍ ആരംഭിക്കുന്നത്. സാമൂഹിക നിയമങ്ങള്‍ക്ക് മേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നവനാണ് ഔട്ട്‌സൈഡറിലെ നായകന്‍. അമ്മയുടെ മരണദിവസം കാമുകിയുമായി ബന്ധപ്പെടാനും കാമത്തിന്റെ പരകോടിയിലെ ആനന്ദം അനുഭവിക്കാനും അയാള്‍ തയാറാകുന്നു. ഔട്ട്‌സൈഡറിലെ നായകനില്‍നിന്നും വിശ്വനാഥനെ വ്യത്യസ്തനാക്കുന്നത് അമ്മയോടും അച്ഛനോടും അയാള്‍ക്കുള്ള സ്‌നേഹബന്ധവും പിറന്ന മണ്ണിനോടുള്ള ആത്മബന്ധവുമാണ്.
ബോട്ട് ഡ്രൈവറായ വാസുവിന്റെയും കമലാക്ഷിയുടെയും ഏക മകനാണ് വിശ്വനാഥന്‍. കണ്ണുപൊട്ടിയ കാമത്തിന്റെ ഇരയായ വാസു കമലാക്ഷിയുടെ അനുജത്തി ശങ്കരിയെ രണ്ടാം ഭാര്യയാക്കുന്നു. ശങ്കരിയുടെ ശരീരവടിവുകളില്‍ ആനന്ദം കണ്ടെത്തുന്ന വാസുവിന്റെ രാത്രികളില്‍ പൈലി മാപ്പിളയുടെ സൗഹൃദാഘോഷങ്ങള്‍ ലഹരിവിരുന്നൊരുക്കുന്നു. പൈലി മാപ്പിളയും ജ്യേഷ്ഠന്‍ വക്കച്ചനും വാസുവുമായുള്ള സൗഹൃദത്തിന്റെ ലഹരി പകയുടെ പകര്‍ന്നാട്ടമായി പരിണമിക്കുകയാണ്. പൈലിയും ശങ്കരിയും തമ്മിലുള്ള രഹസ്യബന്ധത്തിന് വിശ്വനാഥന്‍ സാക്ഷിയാകുന്നു. അത് വാസുവിനെ അറിയിക്കുന്നു. പ്രതികാരദാഹിയായ വാസുവും പൈലിയും തമ്മില്‍ ഏറ്റുമുട്ടുന്നു. പൈലി വാസുവിനെയും തടസം പിടിക്കാനെത്തിയ കമലാക്ഷിയെയും വിശ്വനാഥന്റെ കണ്‍മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുന്നു. അച്ഛന്റെയും അമ്മയുടെയും ചോരയില്‍ കുളിച്ച മൃതദേഹങ്ങള്‍ കണ്ട് ഭയന്നോടുന്ന വിശ്വനാഥന്‍ എന്ന കുട്ടി തിരിച്ചെത്തുന്നത് പകയുടെ കനലുകള്‍ കെടാതെ സൂക്ഷിക്കുന്ന കരുത്തനായ ആധുനിക യുവാവായിട്ടാണ്. മഹാനഗരങ്ങളില്‍ ചിത്രം വരച്ച് ഉപജീവനം നേടുന്ന വിശ്വനാഥന്റെ ലക്ഷ്യം പിറന്ന മണ്ണിലിട്ട് പൈലിയോട് പ്രതികാരം ചെയ്യുകയായിരുന്നു.
ചാരായഷാപ്പില്‍ വച്ചാണ് വിശ്വനാഥന്‍-പൈലിമാരുടെ ആദ്യസമാഗമം നടക്കുന്നത്. അവിടെവച്ച് പരസ്പരം വെല്ലുവിളിക്കുന്ന ഇരുവരും പിന്നീട് സുഹൃത്തുക്കളാകുന്നു. വിശ്വനാഥന്‍ സൗഹൃദം അഭിനയിക്കുമ്പോള്‍ പൈലി വിശ്വനാഥനെ ആത്മസുഹൃത്തായി കരുതുന്നു. വിശ്വനാഥനോടൊത്ത് ലഹരിയുടെ വഴികളിലൂടെ യാത്ര നടത്തുമ്പോള്‍ അയാളുടെ കണ്ണിലെരിയുന്ന പകയുടെ കനലുകള്‍ പൈലി അറിയുന്നില്ല.
താറാവിനെ വളര്‍ത്തി ഉപജീവനം തേടുന്ന പൈലിക്ക് രണ്ട് ദൗര്‍ബല്യങ്ങളാണുള്ളതെന്ന് വിശ്വനാഥന്‍ മനസിലാക്കുന്നു. താറാക്കൂട്ടങ്ങളും മകള്‍ അമ്മിണിയും. താറാക്കൂട്ടങ്ങളോടൊത്ത് ദേശാടനം നടത്തുമ്പോള്‍ കണ്ടുമുട്ടുന്ന ജാനുവില്‍ പൈലിക്കുണ്ടാകുന്ന മകളാണ് അമ്മിണി. ജാനുവിനെ കറിവേപ്പിലയക്കി മടങ്ങുന്ന പൈലി വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുമ്പോള്‍ കാണുന്നത് ഒരു പിഞ്ചോമനയെയാണ്. അത് തന്റെ മകളാണെന്നും പ്രസവശേഷം ജാനു മരണമടഞ്ഞെന്നും അറിയുമ്പോള്‍ പൈലി തകരുന്നു. അമ്മിണിയെയും കൂട്ടി അയാള്‍ മടങ്ങുന്നു. പൈലിയും വക്കച്ചനും അമ്മിണിയെ പൊന്നുപോലെ വളര്‍ത്തുന്നു.
പൈലിയെ ഒറ്റവെട്ടിന് കൊല്ലാതെ ഇഞ്ചിഞ്ചായി കൊല്ലാന്‍ തീരുമാനിക്കുന്ന വിശ്വനാഥന്‍ ആദ്യം ലക്ഷ്യമിടുന്നത് അമ്മിണിയെയാണ്. അവളുടെ യൗവനദാഹത്തെ മുതലെടുക്കുന്ന അയാള്‍ അവളെ നശിപ്പിക്കുന്നു. അമ്മിണിയെ ഗര്‍ഭിണിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും അതു നടക്കുന്നില്ല. ഒരു പ്രാവശ്യം കൂടി അമ്മിണിയെ പ്രാപിച്ച് ലക്ഷ്യം നേടാന്‍ വിശ്വനാഥന്‍ ശ്രമിക്കുന്നു. അവിടെയും അയാള്‍ പരാജയപ്പെടുന്നു. പൈലിയുടെ രണ്ടാമത്തെ ദൗര്‍ബല്യമായ താറാവുകളെ വിഷം കൊടുത്ത് വിശ്വനാഥന്‍ കൊല്ലുന്നു. വിശ്വനാഥനാണ് താറാവുകളെ കൊല്ലുന്നതെന്ന് തിരിച്ചറിയുന്ന പൈലി അയാളുമായി അന്ത്യയുദ്ധം നടത്താനെത്തുന്നു. പണ്ട് പൈലി കൊലപ്പെടുത്തിയ വാസുവിന്റെയും കമലാക്ഷിയുടെയും മകനാണ് താനെന്ന് വിശ്വനാഥന്‍ പറയുമ്പോള്‍ ഇതുവരെ സൗഹൃദം നടിച്ചുനിന്ന സുഹൃത്ത് മരണത്തിന്റെ ദൂതനായിരുന്നുവെന്നറിഞ്ഞ് പൈലി നടുങ്ങുന്നു. ഏറ്റുമുട്ടലിനൊടുവില്‍ പൈലിയെ തല്ലി വീഴ്ത്തി തോണിയിലിട്ട് കായലിലെറിയാന്‍ വിശ്വനാഥന്‍ ശ്രമിക്കുമ്പോള്‍ കായല്‍ കോപിക്കുന്നു. കോരിച്ചൊരിയുന്ന പേമാരിയിലും കാറ്റിലും തോണിയുലഞ്ഞ് കായലില്‍ പതിക്കുന്ന വിശ്വനാഥനെ രക്ഷിക്കുന്നത് പൈലിയാണ്. വിശ്വനാഥനെ രക്ഷിച്ച് കരയിലെത്തിച്ചതിനു ശേഷം പൈലി കായലിന്റെ ചുഴികളിലേക്ക് പോകുന്നു. ശത്രുവിന്റെ ദാക്ഷിണ്യത്താല്‍ രക്ഷപ്പെട്ട് പരാജിതനായി അമ്മിണിയുടെ മുന്നില്‍ നില്‍ക്കുന്ന വിശ്വനാഥനെ അവള്‍ തള്ളിപ്പറയുന്നതോടെ തകര്‍ച്ച പൂര്‍ണമാകുന്നു.
ആരെ കൊല്ലാനാണോ വന്നത് അയാളുടെ കനിവുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടുന്ന അവസ്ഥ. പരാജയത്തിന്റെ പൂര്‍ണതയില്‍ വിശ്വനാഥന്‍ പിറന്ന നാട്ടില്‍ വീണ്ടും അന്യനായി മടങ്ങിപ്പോകുന്നതോടെ ചിത്രം അവസാനിക്കുന്നു.
അമ്മിണിയെ നശിപ്പിച്ച് പൈലിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിശ്വനാഥന് മറ്റൊരു പ്രണയഭംഗത്തിന്റെ നോവും നേരിടേണ്ടി വരുന്നുണ്ട്. അയല്‍ക്കാരനായ ശ്രീരാമന്‍ നായരുടെ മകള്‍ സുശീലയെ അയാള്‍ പ്രണയിക്കുന്നു. പക്ഷേ ലക്ഷ്യം നേടാനുള്ള യാത്രയ്ക്കിടയില്‍ സുശീലയും അയാള്‍ക്ക് നഷ്ടപ്പെടുന്നു. എല്ലാവരാലും വെറുക്കപ്പെട്ട് മടങ്ങുന്ന നയകന്‍ അക്കാലത്തെ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. പകയും കാമവും പ്രണയവും ജീവിതവുമെല്ലാം വ്യര്‍ത്ഥമാണെന്ന് പ്രേക്ഷകരോട് വിശ്വനാഥനിലൂടെ പത്മരാജന്‍ വെളിപ്പെടുത്തി.
വിശ്വനാഥനായി സോമനും പൈലിയായി മധുവും വക്കച്ചനായി ബഹദൂറും അമ്മിണിയായി ജയഭാരതിയും വേഷമിട്ടു. ഉമ്മറും കവിയൂര്‍ പൊന്നമ്മയുമാണ് വാസുവും കമലാക്ഷിയുമായത്. സുശീലയെ വിധുബാലയും ജാനുവിനെ ശാരദയും ശിവരാമന്‍ നായരെ ശങ്കരാടിയും അവതരിപ്പിച്ചു. ശ്രീലതയാണ് ശങ്കരിയായത്. ചിത്രത്തിന്റെ ആദ്യരംഗത്തില്‍ തോണിക്കാരന്റെ വേഷത്തില്‍ പില്‍ക്കാലത്ത് ആക്്ഷന്‍ കിംഗായി മാറിയ ജയനും എത്തി. ജയനും ഐ.വി.ശശിയും തമ്മിലുള്ള സൗഹൃദം ആംഭിക്കുന്ന ചിത്രംകൂടിയാണിത്. അങ്ങാടിയും കരിമ്പനയുമടക്കമുള്ള സൂപ്പര്‍ ഹിറ്റുകള്‍ പിന്നീട് ഈ കൂട്ടുകെട്ടില്‍ നിന്നുണ്ടായത് ത്രസിപ്പിക്കുന്ന ചരിത്രം.
സോമനെ ഒറ്റ രാത്രികൊണ്ട് സൂപ്പര്‍ താരമാക്കിയ ചിത്രം എന്ന സവിശേഷതയും 'ഇതാ ഇവിടെ വരെ'യ്ക്കുണ്ട്. പകയുടെ മൂര്‍ത്തിമത് ഭാവമായ വിശ്വനാഥനെ ഭാവത്തിന്റെയും ശരീരഭാഷയുടെയും നടനശാസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് സോമന്‍ അവതരിപ്പിച്ചത്. വിശ്വനാഥനെ അന്നത്തെ യൗവ്വനം തങ്ങളുടെ പ്രതിനിധിയായി കണ്ടു. ഈ ചിത്രത്തിനു ശേഷം കുറേ വര്‍ഷത്തേക്ക് സോമന് ലഭിച്ചതെല്ലാം നിഷേധിയുടെ രൂപഭാവങ്ങളുള്ള കഥാപാത്രങ്ങളായിരുന്നു.
ജയഭാരതിയുടെ ശരീരസൗന്ദര്യം ചൂഷണം ചെയ്തത് ഈ ചിത്രത്തിലെ കളക്്ഷന്‍ വര്‍ദ്ധിക്കാന്‍ സഹായിച്ചു. സോമനും ജയഭാരതിയുമായുള്ള രതിരംഗങ്ങള്‍ 'ഇതാ ഇവിടെ വരെ'യിലെ ഹൈലൈറ്റാണ്. ഒരു രംഗത്തില്‍ അര്‍ദ്ധനഗ്നയായി അഭിനയിക്കാന്‍ വരെ ജയഭാരതി തയാറായി. കഥാപാത്രത്തിന്റെ വിജയത്തിനാവശ്യമായ ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ചത് തെറ്റല്ലെന്ന് ഇതെക്കുറിച്ച് വിവാദമുണ്ടായപ്പോള്‍ ജയഭാരതി പ്രതികരിക്കുകയും ചെയ്തു
യൂസഫലി കേച്ചേരി രചിച്ച് ദേവരാജന്‍ സംഗീതം പകര്‍ന്ന സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ 'ഇതാ ഇവിടെ വരെ'യുടെ തിളക്കം വര്‍ദ്ധിപ്പിച്ചു. 'ഇതാ ഇതാ ഇവിടെ വരെ ഈ യുഗസംഗമസന്ധ്യവരെ', 'എന്തോ ഏതോ എങ്ങനെയോ എന്റെ മനസിലൊരാലസ്യം', 'വെണ്ണയോ വെണ്ണിലാവുറഞ്ഞതോ', 'രാസലീല രാസലീല രതിമന്മദ ലീല', 'നാടോടിപ്പാട്ടിന്റെ നാട്' എന്നീ അഞ്ചു ഗാനങ്ങളും നിത്യഹരിതമായി.
'ഇതാ ഇവിടെ വരെ'യുടെ വന്‍ വിജയത്തിനു ശേഷം വൈകാതെ ഐ.വി. ശശിയും സോമനും വേര്‍പിരിഞ്ഞു. അമേരിക്കന്‍ പശ്ചാത്തലത്തിലൊരുക്കിയ 'ഏഴാം കടലിനക്കരെ'യുടെ സെറ്റില്‍ വച്ചാണ് ഇവര്‍ തമ്മില്‍ സൗന്ദര്യപ്പിണക്കമുണ്ടായത്. പിന്നീട് സോമന്റെ ചിത്രങ്ങള്‍ കൂടുതലും സംവിധാനം ചെയ്തത് ജേസിയും ജോഷിയുമായിരുന്നു. ഐ.വി. ശശി ജയനെ മുഖ്യധാരയിലെത്തിച്ചു. പതിറ്റാണ്ടുകള്‍ക്കു ശേഷം കമലഹാസന്‍ ഇടപെട്ടാണ് ഇരുവരുടെയും പിണക്കം മാറ്റിയത്. കമലഹാസന്‍ നായകനായ 'വ്രത'ത്തിലൂടെ ഐ.വി. ശശിയും സോമനും വീണ്ടുമൊരുമിച്ചു. പിന്നീടുള്ള ഐ.വി. ശശിയുടെ ഭൂരിഭാഗം ചിത്രങ്ങളിലും സോമന്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
(തുടരും)

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google