Last Updated 1 hour 50 min ago
25
Monday
May 2015

ഒഞ്ചിയത്തി​ന്റെ ഓര്‍മപ്പെടുത്തല്‍

എ.എസ്.

  1. Onchiyam
  2. R.M.P
  3. T.P. Chandrasekharan

ആര്‍. എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം സി.പി.എം നേതാക്കന്മാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതിരോധപ്രതികരണങ്ങളില്‍ ശ്രദ്ധേയമായത് 'അവസരം മുതലെടുത്ത് എല്ലാവരും ചേര്‍ന്ന് ഞങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുകയാണ്' എന്നതായിരുന്നു. കേരളത്തില്‍ അതുവരെ നടന്ന രാഷ്ട്രീയകൊലപാതകങ്ങളില്‍ നിന്നൊക്കെ വിഭിന്നമായി ചന്ദ്രശേഖരന്‍വധം മാധ്യമങ്ങളും യു.ഡി.എഫും എല്‍.ഡി.എഫിലെ തങ്ങളുടെ 'സ്‌നേഹിത'ന്മാരില്‍ ചിലരും ആഘോഷിച്ചതിനുപിന്നില്‍ സി.പി.എമ്മിനെ ഉന്മൂലനം ചെയ്യുകയെന്ന ഒരേയൊരു ഉദ്ദേശ്യമേ ഉള്ളൂ എന്നാണ് സി.പി.എം നേതാക്കള്‍ ഇപ്പോഴും പറയുന്നത്.
തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമെന്ന് ഇതിനെ തള്ളിക്കളയാനാവില്ല. ടി.പി. ചന്ദ്രശേഖരന്‍ അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. ആ കൊലപാതകത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. കൊലപാതകത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ അതാരായാലും കടുത്ത ശിക്ഷ അനുഭവിക്കുകതന്നെ വേണം.
അതേസമയം ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സി.പി.എം മാത്രമാണ് കൊലയാളിപാര്‍ട്ടിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം പല കോണുകളില്‍നിന്നും ഉണ്ടായി എന്നത് കണ്ടില്ലെന്നു നടിക്കാനുമാകില്ല. ലേഖനങ്ങളായും പ്രസ്താവനകളായും പ്രസംഗങ്ങളായും വാര്‍ത്തകളായുമെല്ലാം ആ ശ്രമം നടന്നുകൊണ്ടിരുന്നു എന്നത് സത്യം.
ഈയൊരു പശ്ചാത്തലത്തില്‍വേണം ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 'ഒഞ്ചിയം രേഖകള്‍' എന്ന പുസ്തകത്തെ വിലയിരുത്താന്‍. ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതിനുശേഷം വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങളുടെ സമാഹാരമാണ് 'ഒഞ്ചിയം രേഖകള്‍'. പ്രഭാത് പട്‌നായിക്, സുഗതകുമാരി, സച്ചിദാനന്ദന്‍, കെ. വേണു, ഹമീദ് ചേന്നമംഗലൂര്‍, സക്കറിയ, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, മോഹന്‍ലാല്‍ തുടങ്ങി 33 പേരുടെ ലേഖനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പുസ്തകം എഡിറ്റ് ചെയ്ത സി.ആര്‍. നീലകണ്ഠന്റെയും ലേഖകരില്‍ മിക്കവരുടെയും രാഷ്ട്രീയനിലപാടുകള്‍ വച്ചുനോക്കിയാല്‍ ഈ പുസ്തകവും മേല്‍പറഞ്ഞ ലക്ഷ്യത്തോടെ പിറവികൊണ്ടതാണെന്ന് വേണമെങ്കില്‍ സമര്‍ത്ഥിക്കാം. എം.എം. മണിയുടെ വിവാദപ്രസംഗത്തിന്റെയും സി.പി.എം സംസ്ഥാനകമ്മിറ്റി പ്രമേയത്തിന്റെയും പൂര്‍ണരൂപം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതും സ്ഥാപിതലക്ഷ്യത്തോടെയാണെന്ന് വാദിക്കാം.
എന്നാല്‍, ഒഞ്ചിയം രേഖകളുടെ വരികള്‍ക്കിടയിലൂടെയുള്ള വായന ഒരുകാര്യം വ്യക്തമാക്കിത്തരുംÿ. സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ സ്വയം വിമര്‍ശനത്തോടെ വായിച്ചറിയേണ്ട കാര്യങ്ങള്‍ ഈ ലേഖനങ്ങളില്‍ പലതിലുമുണ്ട്. ടി.പി. ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെടുത്താതെ കേരളസമൂഹം മുഴുവന്‍ വായിച്ചറിയേണ്ട വിഷയങ്ങളും ഈ പുസ്തകത്താളുകളില്‍ അടങ്ങിയിട്ടുണ്ട്.
'ഇവിടെ ജനാധിപത്യം തലകുത്തിനില്‍പ്പാണ്' എന്ന സക്കറിയയുടെ ലേഖനം തന്നെ ഉദാഹരണം. ഇതില്‍ സക്കറിയ അന്ധമായി സി.പി.എം വേട്ട നടത്തുകയല്ല. സി.പി.എമ്മിന് അടിസ്ഥാനപരമായി എന്തോ പ്രശ്‌നമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും കേരളരാഷ്ട്രീയത്തെ ഒട്ടാകെ ബാധിച്ച കാന്‍സറിനെ തുറന്നുകാട്ടുകയാണ്. ജനങ്ങളുടെ വോട്ട് ഇരന്നുവാങ്ങി അധികാരത്തിലെത്തുകയും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖിച്ചുജീവിക്കുകയും ചെയ്യുന്നവര്‍ അധികാരഗര്‍വ്വില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് ഇവിടെ തുറന്നു കാട്ടുന്നത്.
ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ തിരിച്ചടിയെ സമചിത്തതയോടെ നേരിടുന്നതില്‍ സി.പി.എം നേതാക്കള്‍ക്കു സംഭവിച്ച പാളിച്ചകളെയും വീഴ്ചകളെയുമാണ് ബി.ആര്‍.പി ഭാസ്‌കര്‍ 'ഹിംസയില്‍ വിപ്ലവമില്ല' എന്ന ലേഖനത്തില്‍ അപഗ്രഥിക്കുന്നത്. സി.പി.എം നേതാക്കന്മാര്‍ മാടമ്പികളെപ്പോലെ പെരുമാറുന്നത് പാര്‍ട്ടിയ്ക്ക് വിനയാവുകയാണെന്ന ബി.ആര്‍.പിയുടെ വാക്കുകളെ ആത്മപരിശോധനയോടെയാണ് വിലയിരുത്തേണ്ടത്. ചന്ദ്രശേഖരന്‍ വധത്തിനുശേഷവും പിണറായി നടത്തിയ കുലംകുത്തി പരാമര്‍ശവും എം.എം. മണിയുടെ വിവാദപ്രസംഗവും എത്രമാത്രം തിരിച്ചടിയാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം ഉദാഹരിക്കുന്നുണ്ട്.
'വാടകക്കൊലയുടെ രാഷ്ട്രീയം' വിലയിരുത്തുന്ന എം.ആര്‍.രാഘവവാര്യര്‍ പറയുന്ന ഒരു വാചകം ഇന്നത്തെ രാഷ്ട്രീയപശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. 'നമ്മുടെ ജനാധിപത്യത്തില്‍ അറിവിനോ കാര്യപ്രാപ്തിക്കോ സ്ഥാനമില്ലാതായിരിക്കുന്നു' എന്നാണ് രാഘവവാര്യര്‍ അഭിപ്രായപ്പെടുന്നത്. ആദ്യത്തെ പിഴവ് ബാലറ്റ് പെട്ടിയില്‍ത്തന്നെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വോട്ടര്‍മാരുടെ സ്വയംകൃതാനര്‍ത്ഥമെന്നു സാരം.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തകര്‍ച്ച സംഭവിച്ചയിടങ്ങളിലൊക്കെ അതിന് കാരണമായി ഉണ്ടായ അപചയം ഇതിലെ വ്യത്യസ്ഥ ലേഖനങ്ങളിലൂടെ മനസു പായിക്കുമ്പോള്‍ ബോധ്യമാകും. കേന്ദ്രീകൃതനേതൃത്വത്തിന്റെ അഭാവം, അതുമൂലമുണ്ടാകുന്ന ഏകാധിപത്യപ്രവണത, പ്രത്യയശാസ്ത്ര വ്യതിയാനം, പുറത്തുനിന്നും അകത്തുനിന്നുമുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വിമുഖത, നേതാക്കള്‍ക്കിടയിലെ കുടിപ്പകയും കിടമത്സരവും, അധികാരഭ്രാന്ത്, സാമ്പത്തിക താല്‍പര്യങ്ങളും പണാധിപത്യവും തുടങ്ങിയവയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തകര്‍ച്ചയിലേക്ക് നയിച്ചത്.
തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ തെറ്റ് തിരിച്ചറിയുക തന്നെയാണ് ആദ്യം വേണ്ടത്. 'ഒഞ്ചിയം രേഖകള്‍' ഓര്‍മപ്പെടുത്തുന്നത് അതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();