Last Updated 39 sec ago
29
Friday
May 2015

ആത്മബന്ധത്തിന്റെ സങ്കീര്‍ത്തനം

രാധിക

mangalam malayalam online newspaper

ഏത്‌ കൂട്ടുകെട്ടിനും പറയാന്‍ വിജയഗാഥകളുണ്ടാകും. സംഗീത,തിരക്കഥാ, സംവിധാന പരസ്യ അഭിഭാഷക
രംഗങ്ങളിലും പാട്ടിലും കളികളിലും ഒക്കെയുണ്ട്‌ താരപരിവേഷമുള്ള ഹരികൃഷ്‌ണന്‍മാര്‍. എന്നാല്‍ ഒരു പ്രസാധകനും എഴുത്തുകാരനും ഇരു മെയ്യും ഒരു മനവുമായി തുടരുന്നത്‌ അത്യപൂര്‍വം. ഒരു മേഖലയില്‍ ഒരെഴുത്തുകാരന്റെ എല്ലാ പുസ്‌തകങ്ങളും പ്രസിദ്ധീകരിക്കുകയും പ്രസിദ്ധീകരിച്ച ആദ്യ പുസ്‌തകം അമ്പതാംപതിപ്പ്‌ കടന്ന്‌ അമ്പത്തൊന്നിലെത്തിനില്‍ക്കുകയും ചെയ്‌ത ആത്മബന്ധത്തിന്റെ ഒരു തുടര്‍ക്കഥയുണ്ട്‌. അതാണ്‌ പെരുമ്പടവം ശ്രീധരന്‍-ആശ്രാമം ഭാസി ബന്ധം

ദൈവത്തിന്റെ സ്വന്തം കൈയൊപ്പ്‌ ശിരോലിഖിതമാക്കിയ സാക്ഷാല്‍ പെരുമ്പടവം ശ്രീധരന്‍. സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സിന്റെ ഉടമ ആശ്രാമം ഭാസി. തിളക്കവും സുസ്‌ഥിരവുമായ ആ ഹൃദയത്തിന്റെ കഥ, ഭാവനയുടെയും കല്‍പ്പിതോപമകളുടെയും പൊടിപ്പും തൊങ്ങലുമില്ലാതെ പറയുകയാണ്‌ അവര്‍. പ്രസാധനചരിത്രത്തിലെ വിസ്‌മയകരമായ ഹാഫ്‌ സെഞ്ച്വറിയുടെ വീരഗാഥ. എങ്ങനെയാവും ആ സ്‌നേഹവല്ലരി പൂത്തുലഞ്ഞിട്ടുണ്ടാവുക. കായും തളിരും മൊട്ടിട്ടുണ്ടാവുക?
"ഞാനന്ന്‌ പയ്യനാണ്‌. സ്‌കൂളില്‍ പഠിക്കുന്നേയുള്ളൂ. പത്തില്‍. അന്ന്‌ ചേട്ടന്റെ ഒരു കഥ വന്നിരുന്നു. ജനയുഗം ആഴ്‌ചപ്പതിപ്പില്‍. ജനയുഗമാണ്‌ അന്ന്‌ കൊല്ലത്തുകാര്‍ക്ക്‌ വായിക്കാന്‍ കിട്ടുന്ന അത്യാവശ്യം സാഹിത്യവും രാഷ്‌ട്രീയവുമൊക്കെയുള്ള വാരിക. കഥ വായിച്ചപ്പോള്‍ എനിക്കങ്ങ്‌ ഇഷ്‌ടപ്പെട്ടു. കാമ്പിശ്ശേരി കരുണാകരനാണ്‌ പത്രാധിപര്‍. കഥ വായിച്ച്‌ ഞാന്‍ അദ്ദേഹത്തോട്‌ എഴുത്തുകാരന്റെ മേല്‍വിലാസം ചോദിച്ചൊരു കത്തയച്ചു. മറുപടിയൊന്നും വരില്ലെന്നാണ്‌ കരുതിയത്‌. പക്ഷേ മനോഹരമായ കൈപ്പടയിലെഴുതിയ ഒരു കത്ത്‌ എനിക്കു വന്നു. തിരുവനന്തപുരത്ത്‌ വരണമെന്നും വന്നാല്‍ വന്നു കാണണമെന്നുമൊക്കെപ്പറഞ്ഞൊരു കത്ത്‌." ഭാസി ഓര്‍മ്മകളുടെ കാലഘട്ടങ്ങളിലേക്ക്‌ ഊളിയിട്ടു.

എന്നിട്ട്‌ ആ പൊടിമീശക്കാരന്‍ തിരുവനന്തപുരത്തു വന്നോ?

വന്നു, വന്നൂന്ന്‌ മാത്രമല്ല. ഒരു ദിവസം ഞാന്‍ നോക്കുമ്പോളുണ്ട്‌ എന്നെ കാണാന്‍ ഇതാ കൊല്ലത്തുനിന്നൊരു പയ്യന്‍. ഞാന്‍ വിളിച്ചിരുത്തി വര്‍ത്തമാനമൊക്കെപ്പറഞ്ഞു. സംസാരിച്ചു. ഇനിയും വരണമെന്നും കണ്ടതില്‍ സന്തോഷമുണ്ടെന്നുമൊക്കെ പറഞ്ഞു പിരിഞ്ഞു. ഈ വീട്ടിലാണ്‌ ഭാസി എന്നെക്കാണാന്‍ വന്നത്‌. അന്ന്‌ തുടങ്ങിയ സ്‌നേഹബന്ധമാണ്‌ ഞങ്ങള്‍ തമ്മില്‍.

കണ്ടു, പിരിഞ്ഞു, പോയി. പക്ഷേ അവിടംകൊണ്ടു തീര്‍ന്നില്ലല്ലോ ഈ ബന്ധം?

ഇല്ലേയില്ല. പിന്നീട്‌ ഞാന്‍ നിരന്തരം കത്തയയ്‌ക്കും അന്നു പിന്നെ ഫോണ്‍ വിളിക്കാനൊന്നും പറ്റില്ലല്ലോ. എഴുത്തായിരുന്നു ഞങ്ങളെ അതില്‍ ഇണക്കിച്ചേര്‍ത്തത്‌.
പൊടിമീശക്കാരന്‍ പയ്യനും മലയാളത്തിലെ മുതിര്‍ന്ന ഒരു എഴുത്തുകാരനും തമ്മിലുള്ള അസാധാരണമായ ഹൃദയബന്ധം പിന്നീട്‌ തുടരുന്നത്‌ ഒരു സങ്കീര്‍ത്തനംപോലെ ധന്യമധുരമായാണ്‌.അക്കഥ തുടര്‍ന്നു കേള്‍ക്കാം, എഴുത്തുകാരന്റെ തന്നെ വാക്കുകളില്‍...
"അന്ന്‌. എസ്‌.പി.സി.എസില്‍ പബ്ലിക്കേഷന്‍ വിഭാഗത്തിന്റെ കണ്‍വീനറായിരുന്നു ഞാന്‍; ഡയറക്‌ടര്‍ബോര്‍ഡംഗവും. സംഘത്തില്‍ ചേരുമ്പോള്‍ ഞാനൊരു കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. എന്റെയോ എന്റെ സ്വന്തബന്ധുക്കളുടെയോ പുസ്‌തകങ്ങള്‍ സംഘംവഴി പ്രസിദ്ധീകരിക്കില്ല,സംഘത്തില്‍ തുടരുന്ന കാലത്തോളം. അത്‌ ശരിയായ നടപടിയായി എനിക്കു തോന്നിയില്ല. നമ്മള്‍ അംഗമായിരിക്കുന്ന സ്‌ഥാപനം നമ്മുടെ തന്നെ പുസ്‌തകം പ്രസിദ്ധീകരിച്ച്‌ വില്‍ക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ലായിരുന്നു. മാത്രമല്ല "എനിക്ക്‌ എസ്‌.പി.സി.എസ്‌. ഒരു സ്‌ഥാപനം മാത്രമായിരുന്നില്ല. എന്റെ തറവാടായിരുന്നു. ആ സമയത്താണ്‌ ഞാന്‍ സങ്കീര്‍ത്തനംപോലെ എഴുതുന്നത്‌. വിഖ്യാത നോവ ലിസ്‌റ്റ് ദസ്‌തയേവ്‌സ്കിയും അന്നയും തമ്മിലുള്ള ഊഷ്‌മളമായ ഹൃദയബന്ധത്തിന്റെ കഥ പറഞ്ഞ നോവല്‍ 1992ലെ ദീപിക വാര്‍ഷികപ്പതിപ്പിലാണ്‌ അച്ചടിച്ചുവന്നത്‌. അന്തര്‍മുഖനായ ദസ്‌തയേവ്‌സ്കിയുടെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറഞ്ഞ നോവല്‍ വാര്‍ഷികപ്പതിപ്പിന്റെ വായനക്കാര്‍ക്ക്‌ ഇഷ്‌ടപ്പെട്ടു."
ഇനി അത്‌ സങ്കീര്‍ത്തനം ബുക്‌സിലെത്തിയ ചരിത്രം പ്രസാധകന്‍ പറയും:"യാദൃച്‌ഛികമായാണ്‌ ഞാന്‍ തിരുവനന്തപുരത്തെത്തുന്നത്‌ അപ്പോള്‍. അതിനിടയ്‌ക്ക് പലതവണ ഞങ്ങള്‍ തമ്മില്‍ എഴുത്തിലൂടെയും നേരിട്ടും സാഹിത്യസംവാദങ്ങളും ചര്‍ച്ചകളും നടത്തി ഒരു വല്ലാത്ത ഹൃദയൈക്യം സ്‌ഥാപിച്ചിരുന്നു. പുസ്‌തകത്തിന്റെ മാറ്റര്‍ പ്രസിദ്ധീകരിക്കാന്‍ കൊടുക്കാന്‍ പൊതിഞ്ഞുകെട്ടിവച്ചിരിക്കുന്നതാണ്‌ ഞാന്‍ കാണുന്നത്‌. പുതിയ നോവലാണതെന്ന്‌ പറഞ്ഞപ്പോള്‍ എന്തോ പെട്ടെന്ന്‌ അത്‌ പ്രസിദ്ധീകരിച്ചാലോ എന്നു ചോദിക്കാനാണെനിക്കു തോന്നിയത്‌."
"ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ഭാസിക്ക്‌ എഴുത്ത്‌ അത്രയ്‌ക്കിഷ്‌ടമാണ്‌." പെരുമ്പടവം ഇടപെടുന്നു: "പക്ഷേ എന്തോ ചോദിച്ചപ്പോള്‍ ഉടന്‍ 'ശരി' എന്നല്ല ഞാനുത്തരം പറഞ്ഞത്‌. ഞാന്‍ ഭാസിയെ നിരുത്സാഹപ്പെടുത്തി. നഷ്‌ടം വരും. മുടക്കിയ പണം പുസ്‌തകം വിറ്റു കിട്ടില്ല. എന്നു തിരിച്ചുകിട്ടുമെന്ന്‌ ഒരു ഗ്യാരന്റിയുമില്ല. ദീപികയില്‍ വന്നപ്പോള്‍ നല്ല പ്രതികരണം കിട്ടിയെന്നതു നേര്‌. പക്ഷേ നോവല്‍ പ്രസിദ്ധീകരിച്ചാല്‍ മലയാളി വായനക്കാര്‍ ആ പുസ്‌തകം വാങ്ങി വായിക്കുമെന്ന കാര്യത്തില്‍ ഒരു ഗ്യാരന്റിയുമില്ല. കാരണം കഥ മലയാളത്തിലെയോ കേരളത്തിലെയോ കഥയല്ല. മറ്റൊരു രാജ്യത്തെ മറ്റൊരു എഴുത്തുകാരനെപ്പറ്റിയുള്ള കഥ."
ഭാസിയുടെ വാക്കുകളില്‍ പക്ഷേ അന്നത്തെ ആത്മവിശ്വാസം അതേ തോതില്‍ത്തന്നെ,ഒട്ടും കുറവില്ലാതെ...."പക്ഷേ എനിക്ക്‌ പേടിയില്ലായിരുന്നു. പുസ്‌തകം എനിക്കത്രയ്‌ക്കങ്ങ്‌ ഇഷ്‌ടമായിരുന്നു. നഷ്‌ടമായാലും ലാഭമായാലും ഞാന്‍ സഹിക്കാന്‍ തയാറായിരുന്നു. എത്രയും വേഗം പുസ്‌തകം അച്ചടിക്കണമെന്ന്‌ മാത്രമായിരുന്നു എനിക്ക്‌. അന്ന്‌ അച്ചടിയെക്കുറിച്ച്‌ എനിക്കൊന്നുമറിയില്ല. പ്രസിദ്ധീകരണത്തിലോ പ്രസാധനത്തിലോ മുന്‍പരിചയമില്ല.
"അതെങ്ങനെ ഉണ്ടാവും. ഭാസി വലിയ ഓട്ടുകമ്പനി മുതലാളിയായിരുന്നു അന്ന്‌. സ്വന്തമായി ഓട്ടുകമ്പനിയും ബിസിനസുമായി നടക്കുന്ന സാഹിത്യഭ്രാന്തുള്ള ഒരാള്‍." നോവലിസ്‌റ്റിന്റെ വാക്കുകളില്‍ ചിരി.
"അച്ചടിയെക്കുറിച്ച്‌, പ്രസാധനത്തെക്കുറിച്ച്‌ അന്ന്‌ ആദ്യത്തെയും അവസാനത്തെയും വാക്ക്‌ സാക്ഷാല്‍ ഡി.സി. കിഴക്കേമുറിയാണ്‌. ഞാന്‍ കോട്ടയത്തിന്‌ വണ്ടി കയറി. എന്റെ പ്രായത്തില്‍, അന്നെനിക്ക്‌ ഒരു മുപ്പത്തിനാല്‌ വയസു കാണും. ഒരാള്‍ പ്രസാധനരംഗത്തേക്ക്‌ കാലെടുത്തുവയ്‌ക്കുന്നതിനുള്ള അപകടം ഡി.സി. സാര്‍ പറഞ്ഞു. ആത്മഹത്യാപരം തന്നെയാണെന്നായിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();