Last Updated 3 min 40 sec ago
24
Thursday
April 2014

സ്‌ത്രീകളുടെ ജന്മനക്ഷത്ര ഫലങ്ങള്‍ (തുടര്‍ച്ച...)

mangalam malayalam online newspaper

നക്ഷത്രം- മകം

നക്ഷത്രവിശേഷം: മൃഗം-എലി, ദേവത-പിതൃക്കള്‍ , വൃക്ഷം- പേരാല്‍, പക്ഷി- ചെമ്പോത്ത്‌, ഗണം- അസുരം, ഭൂതം- ജലം.
ശ്രദ്ധിക്കേണ്ടത്‌ : വില്‍പ്പനയ്‌ക്കു വച്ചിരിക്കുന്നത്‌ സ്‌നേഹമല്ലെന്ന്‌ തിരിച്ചറിയണം. എല്ലാവരോടും എല്ലാം തുറന്നുപറയരുത്‌. സൗഹൃദബന്ധങ്ങളില്‍ കൃത്യമായ അകലം പാലിക്കണം. സജ്‌ജനപ്രീതിവരുത്തുന്നതും ഈശ്വരവിശ്വാസവും ഏറെ ഗുണമാണെങ്കിലും അമിതവിനയവും, ഭാവചേഷ്‌ടാസ്വാധീനവും നിയന്ത്രിക്കണം. എവിടെയും ശ്രദ്ധിക്കപ്പെടുവാനുള്ള ആഗ്രഹം അതിരുകവിഞ്ഞാല്‍ മാനനഷ്‌ടമുണ്ടാകും. ആരോപണവിധേയയും ആകേണ്ടിവരും. കാര്യസാധ്യത്തിനായി ഏതുതരക്കാരെയും കൂട്ടുപിടിക്കുന്ന ശൈലിയുണ്ടെങ്കില്‍ ഒഴിവാക്കണം. സംസാരത്തില്‍ മിതത്വം പുലര്‍ത്തുക. സഹതാപതരംഗം ഉണര്‍ത്തുന്നതിലുപരി സ്വതസിദ്ധമായ കഴിവുകളിലൂടെ ജീവിതവിജയം നേടണം. പതിവ്രതാധര്‍മ്മത്തിന്‌ കോട്ടം വന്നാല്‍ ഈശ്വരഭാഗത്തുനിന്ന്‌ വന്‍ തിരിച്ചടികള്‍ നേരിടേണ്ടിവരും. അംഗീകാരം തനിയെ തേടിവരും. മനഃചാഞ്ചല്ല്യമില്ലാതെ ഈശ്വരസേവയോടുകൂടി മുന്നോട്ടുപോവുക. ഏതുകാര്യത്തിലും സന്മാര്‍ഗ്ഗത്തിലൂടെയാണ്‌ നിങ്ങള്‍ സഞ്ചരിക്കുന്നതെങ്കില്‍ ആദ്യത്തെ തടസ്സം കഴിഞ്ഞ്‌ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. സംശയം വേണ്ടാ.

നക്ഷത്രം- പൂരം
നക്ഷത്രവിശേഷം: മൃഗം- ചുണ്ടെലി, വൃക്ഷം-പ്ലാവ്‌, പക്ഷി- ഉപ്പന്‍ , ഭൂതം- ജലം, ഗണം- മാനുഷം, ദേവത- ആര്യമാവ്‌, ഉപാസനാമൂര്‍ത്തികള്‍ - വിഘ്‌നേശ്വരന്‍ , ശ്രീപാര്‍വ്വതി.
ശ്രദ്ധിക്കുക: എന്തിനും ഏതിനും നീതിന്യായങ്ങള്‍ അധികമായി സംരക്ഷിക്കപ്പെടണമെന്ന ആവേശം നിയന്ത്രിക്കണം. വെല്ലുവിളികള്‍ നടത്തരുത്‌. പ്രവര്‍ത്തനങ്ങളില്‍ സ്വയം പിഴവ്‌ മനസ്സിലായാല്‍ തെറ്റുതിരുത്തുവാന്‍ അമാന്തിക്കരുത്‌. വിമര്‍ശനങ്ങളിലെ കഴമ്പുകള്‍ മനസ്സിലാക്കി പ്രതികരിച്ചാല്‍ മതി. ലഹരിയായി യാതൊന്നിനെയും കരുതാതിരിക്കുക. അങ്ങനെ തോന്നുന്നവ ഒഴിവാക്കുക. സന്ദര്‍ഭോചിതമായിട്ടെങ്കിലും ശാസ്‌ത്രങ്ങളെ വളച്ചൊടിക്കരുത്‌. മനഃസാക്ഷിസൂക്ഷിപ്പുകാരെ പൂര്‍ണ്ണമായും വിശ്വസിക്കണ്ടാ. ശബ്‌ദമുണ്ടാക്കി കാര്യസാധ്യം തേടുന്ന പ്രവണതതന്നെയാണ്‌ ആദ്യം നിയന്ത്രിക്കേണ്ടത്‌. തെറ്റിദ്ധാരണകള്‍ പുലര്‍ത്തി സംസാരിക്കരുത്‌. ദാനധര്‍മ്മാദികള്‍ നിര്‍വ്വഹിക്കേണ്ടതും അവ അര്‍ഹിക്കുന്ന പാത്രങ്ങളിലാണ്‌ നല്‍കപ്പെടുന്നതെന്ന്‌ ഉറപ്പാക്കുകയും ചെയ്യണം. ഒരുകാര്യത്തിലും ആര്‍ക്കും വാഗ്‌ദാനം നല്‍കരുത്‌. ഈശ്വരസേവയോടുകൂടി മുന്നോട്ടു പോവുക.

നക്ഷത്രം-ഉത്രം
നക്ഷത്രവിശേഷം: വൃക്ഷം-ഇത്തി, മൃഗം- ഒട്ടകം, പക്ഷി- കാക്ക, ഗണം-മാനുഷം, ഭൂതം-അഗ്നി, ദേവത- ഭഗന്‍ , ഉപാസനാമൂര്‍ത്തികള്‍ - പരമശിവന്‍ , മഹാവിഷ്‌ണു.
ശ്രദ്ധിക്കേണ്ടത്‌ : അനുചിതവിഷയങ്ങളില്‍ ഇടപെടരുത്‌. പരസ്യവിമര്‍ശനങ്ങളും ശകാരങ്ങളും ഒഴിവാക്കണം. ഗൃഹത്തിനുള്ളില്‍ ശാപവാക്കുകള്‍ പറയരുത്‌. സൗഹൃദബന്ധങ്ങളില്‍ സദാചാരസീമകള്‍ ലംഘിക്കരുത്‌. ക്ഷിപ്രകോപത്തിന്‌ അവധി നല്‍കണം. ബന്ധുജനസ്‌നേഹം പുലര്‍ത്തണമെങ്കിലും പക്ഷാഭേദം പുലര്‍ത്തരുത്‌. രഹസ്യപ്രവര്‍ത്തനങ്ങള്‍ അപമാനം വരുത്തിവയ്‌ക്കും. പിടിവാശികള്‍ കുടുംബജീവിതത്തില്‍ അസ്വസ്‌ഥതയുണ്ടാക്കാം. ദൈവം, മക്കള്‍ എന്നിവയെ മുന്‍നിര്‍ത്തി സത്യം ചെയ്യരുത്‌. തന്റെ ഉത്തരവാദിത്വം മറ്റൊരാളെ ഏല്‌പിക്കരുത്‌. കടബാധ്യതകള്‍ തീര്‍ക്കുവാന്‍ അലസത കാട്ടരുത്‌. സ്‌പര്‍ശനം, ശൃംഗാരചേഷ്‌ടകള്‍ , ദ്വയാര്‍ത്ഥ പ്രയോഗം എന്നിവ അന്യരില്‍നിന്നും ഉണ്ടാകാം. അതൊഴിവാക്കണം. മാനസികപിരിമുറുക്കത്തിന്റെ ലഘൂകരണത്തിനായി മന്ത്രം, ജപം, ധ്യാനം എന്നിവയില്‍ ഏതെങ്കിലും ഒന്ന്‌ പരിശീലിക്കുക. വാടകവസ്‌തുക്കളോട്‌ (വീടടക്കം) അമിത സ്‌നേഹം പ്രകടിപ്പിക്കരുത്‌. വികാരവിക്ഷോഭ സന്ദര്‍ഭങ്ങള്‍ ഉപേക്ഷിക്കണം. വിവേകത്തോടെ പെരുമാറണം.

നക്ഷത്രം- അത്തം
നക്ഷത്രവിശേഷം: വൃക്ഷം-അമ്പഴം, മൃഗം- പോത്ത്‌, പക്ഷി-കാക്ക, ഭൂതം-അഗ്നി, ഗണം- ദേവന്‍, ദേവത- സൂര്യന്‍ , ഉപാസനാമൂര്‍ത്തികള്‍ - ആദിപരാശക്‌തി, രുദ്രന്‍ .
ശ്രദ്ധിക്കേണ്ടത്‌ : ശാരീരികപുഷ്‌ടിയെക്കുറിച്ചിട്ടുള്ള ബോധം ഉണ്ടാകുന്നതിനൊപ്പം, സൂചിതവിഷയങ്ങള്‍ സംബന്ധിച്ച പ്രശംസയിലും, മുഖസ്‌തുതിയിലും, പ്രലോഭനങ്ങളിലും അകപ്പെടാതെ സൂക്ഷിക്കുക. ശരീരശുചിത്വം നിര്‍ബ്ബന്ധമായും പാലിക്കുക, മാംസാഹാരങ്ങളിലും ലഹരി അംശമുള്ള വസ്‌തുക്കളിലുമുള്ള താല്‌പര്യം നിയന്ത്രണവിധേയമാക്കുക. ആഡംബരവിഷയങ്ങളില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ കടബാധ്യത ഉണ്ടാവും. ഏകദേശം 26 വയസ്സുവരെയുള്ള കാലഘട്ടത്തില്‍ എടുക്കുന്ന പല തീരുമാനങ്ങളും പിന്നീട്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍, തന്ത്രപ്രധാനതീരുമാനങ്ങളില്‍ സജ്‌ജന ഉപദേശം തേടുക. ആപല്‍ബാന്ധവരായി പ്രത്യക്ഷപ്പെടുന്നവരുടെ സ്വാര്‍ത്ഥതാല്‌പര്യത്തിന്റെ കൗശലക്കണ്ണുകളെ തിരിച്ചറിയുക. പരാജയങ്ങള്‍ വിജയത്തിന്റെ മുന്നോടിയായി കണക്കാക്കുക.
വാക്കത്തി, കറിക്കത്തി മുതലായ ആയുധങ്ങള്‍ പ്രയോഗിക്കുമ്പോഴും അഗ്നി, വൈദ്യുതി, ഗ്യാസ്‌ എന്നിവ ഉപയോഗിക്കുമ്പോഴും അതീവ ജാഗ്രത പുലര്‍ത്തുക.

നക്ഷത്രം: ചിത്തിര
നക്ഷത്രവിശേഷം: മൃഗം- ആള്‍പ്പുലി, വൃക്ഷം-കൂവളം, പക്ഷി-കാക്ക, ഭൂതം-അഗ്നി, ഗണം- അസുരം, ദേവത- ത്വഷ്‌ടാവ്‌, ഉപാസനാമൂര്‍ത്തി- ചണ്ഡിക, ശ്രീദുര്‍ഗ്ഗ.
ശ്രദ്ധിക്കേണ്ടത്‌: സൗന്ദര്യബോധത്തിന്‌ അനുസരിച്ചുള്ള അലങ്കാരങ്ങളില്‍ മിതത്വം പാലിക്കണം. സദാചാരബോധം കുറയും. അമിതവ്യയത്താല്‍ ദാരിദ്ര്യം ഉണ്ടാവുമെന്നും മറന്നുപോകരുത്‌. മറ്റുള്ളവരുടെ പകര്‍പ്പാകുവാന്‍ ശ്രമിക്കുന്നത്‌ ഗുണകരമാവില്ല. വാക്‌സാമര്‍ത്ഥ്യം മറ്റുള്ളവര്‍ക്ക്‌ വേദനയുണ്ടാക്കുന്നതാകരുത്‌. ഫലിതം പരിഹസിക്കുവാന്‍ ഉപയോഗിക്കരുത്‌. പ്രശസ്‌തിക്കുവേണ്ടി സല്‍ക്കര്‍മ്മത്തില്‍ പങ്കാളിയായാല്‍ പ്രശസ്‌തി മാത്രമാവും ഗുണഫലം. രോഗാവസ്‌ഥകള്‍ പലപ്പോഴും മനസ്സിന്റെ തോന്നലുകളില്‍നിന്നുളവാകുന്നതായിരിക്കും.
തറവാട്ടുസ്വത്ത്‌, കുടുംബസ്വത്ത്‌, എന്റേത്‌, എനിക്കു കിട്ടിയത്‌ എന്നീ വാചകങ്ങള്‍ കുടുംബജീവിതത്തില്‍ കശപിശ സൃഷ്‌ടിക്കാം. സുഹൃത്സഹായം വേണം. പക്ഷേ, എല്ലാം സുഹൃത്ത്‌ നിര്‍ദ്ദേശിക്കുന്നതായാല്‍ പരാജയമുറപ്പാണ്‌. എത്രയേറെ സുഗന്ധപൂരിതമെങ്കിലും വൃക്ഷത്തിന്റെ ഉയര്‍ന്ന കൊമ്പില്‍ നിന്നു വാടിക്കരിഞ്ഞു വീഴുന്ന സുഗന്ധപുഷ്‌പമായി മാറാതെ വളരെ താഴ്‌ന്ന അവസ്‌ഥയില്‍ നില്‍ക്കുക. പരമശിവന്‍ തിരുജഡയിലണിയുന്ന ഒരു തുമ്പപ്പൂവായി ജീവിതത്തെ മാറ്റുവാന്‍ ശ്രമിച്ചാല്‍ എല്ലാ തലങ്ങളിലും വിജയമുണ്ടാകും.

നക്ഷത്രം- ചോതി
നക്ഷത്രവിശേഷം: വൃക്ഷം- നീര്‍മരുത്‌, മൃഗം- മഹിഷം, പക്ഷി-കാക്ക, ഭൂതം- അഗ്നി, ദേവത- വായുഭഗവാന്‍, ഗണം- ദേവന്‍, ഉപാസനാമൂര്‍ത്തി- അര്‍ദ്ധനാരീശ്വരന്‍, പാര്‍വ്വതീദേവി.
ശ്രദ്ധിക്കേണ്ടത്‌: നടത്തത്തിലുള്ള മെല്ലെപ്പോക്ക്‌ തീരുമാനം എടുക്കുന്നതില്‍ ഉണ്ടാകരുത്‌. ആരോഗ്യവിഷയത്തില്‍ അമിത ആത്മവിശ്വാസം പുലര്‍ത്തേണ്ടതില്ല. സാമ്പത്തികവിഷയങ്ങളില്‍ പഥ്യമായ മിതത്വം പുലര്‍ത്തണം, സൗഹൃദം, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായിട്ടുള്ള ബന്ധങ്ങള്‍ എന്നിവയില്‍ സുതാര്യത പാലിക്കണം. തീരുമാനങ്ങള്‍ പുത്രന്മാരിലടക്കം അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കരുത്‌.
ഉന്നതരുമായിട്ടുള്ള വിരോധത്തെക്കാളുപരി സന്ധി ചെയ്യുന്നതാവും ഗുണകരം. ആലോചിക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍ അബദ്ധങ്ങളാകാം. വിവാഹവിഷയത്തിലുണ്ടാകാന്‍ സാധ്യതയുള്ള കാലതാമസം നല്ലതിനാണ്‌. മുള്ളിനെ മുള്ളുകൊണ്ടെടുക്കുകയെന്ന തത്വം ദാമ്പത്യവിഷയങ്ങളില്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്‌ ഗുണകരമാവില്ല. സൗന്ദര്യവസ്‌തുക്കളുടെ ഉപയോഗം ചര്‍മ്മരോഗങ്ങള്‍ക്കും വഴിവയ്‌ക്കാം.

നക്ഷത്രം-വിശാഖം
നക്ഷത്രവിശേഷം: മൃഗം-സിംഹം, വൃക്ഷം- വയ്യങ്കത, പക്ഷി- കാക്ക, ഉപാസനാമൂര്‍ത്തി- ഭദ്രകാളി, നരസിംഹമൂര്‍ത്തി.
ശ്രദ്ധിക്കേണ്ടത്‌: ദേവന്റെ പേരിലും ദേവപ്രിയകര്‍മ്മങ്ങളുടെ പേരിലും ഭാര്യയുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ മടിക്കരുത്‌. ഭക്ഷണമിതത്വം ഒരുപരിധിവരെ ആരോഗ്യസംരക്ഷണത്തിന്‌ ഉതകുമെന്ന്‌ തിരിച്ചറിയണം. ഭാഗ്യങ്ങള്‍ തേടുന്നതില്‍ കുഴപ്പമില്ല, എന്നാല്‍ നാളെകളില്‍ വരാമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന ഭാഗ്യത്തില്‍ മാത്രം വിശ്വസിച്ച്‌ അവസരങ്ങള്‍ നഷ്‌ടപ്പെടുത്തരുത്‌.
അനീതിക്കെതിരെ പ്രതികരിക്കുവാനുള്ള മനസ്സ്‌ സാഹചര്യങ്ങളെ വിവേചിച്ചറിഞ്ഞ്‌ പ്രകടിപ്പിക്കണം. കിഴങ്ങ്‌, പരിപ്പ്‌, ഉഴുന്ന്‌, കടല തുടങ്ങിയ വായു പ്രധാന അസ്വസ്‌ഥകള്‍ ഉണ്ടാക്കുവാന്‍ കാരണമാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ അസമയങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ ആരോഗ്യപരിപാലനം തൃപ്‌തികരമായിരിക്കും.

നക്ഷത്രം- അനിഴം
നക്ഷത്രവിശേഷം: ഗണം, ദേവന്‍, ദേവത- മിത്രന്‍ , മൃഗം-മാന്‍, വൃക്ഷം-ഇലഞ്ഞി, പക്ഷി-കാക്ക, അഗ്നി- ഭൂതം, ഉപാസനാമൂര്‍ത്തികള്‍ - സരസ്വതിദേവി, അംബിക.
ശ്രദ്ധിക്കേണ്ടത്‌: പ്രണയവിഷയങ്ങളില്‍ ഗുണാധിക്യക്കുറവും സ്വാതന്ത്രേ്യച്‌ഛയും ഉണ്ടാകും. പാതിവ്രത്യശുദ്ധി സംരക്ഷിച്ചില്ലെങ്കില്‍ അപമാനം ഉറപ്പാണ്‌. മനസിനെ രഹസ്യങ്ങളുടെ ഒരു കലവറതന്നെയാക്കി മാറ്റുന്നത്‌ കുടുംബത്തില്‍ അസ്വസ്‌ഥത വര്‍ദ്ധിപ്പിക്കും.
സാഹചര്യത്തില്‍നിന്നും രക്ഷപ്പെടുന്നതിനായി വസ്‌തുതകള്‍ വിസ്‌മരിച്ച്‌ സംസാരിക്കുന്നത്‌ ഒഴിവാക്കണം. ഈശ്വരന്‍ പാപി ആയിട്ടല്ല തന്നെ സൃഷ്‌ടിച്ചതെന്നും തന്റെ പാപകര്‍മ്മങ്ങളാണു തന്നെ പാപിയാക്കുന്നതെന്നും തിരിച്ചറിയണം.
വീടുവിട്ട്‌ താമസിക്കേണ്ടിവരുമ്പോള്‍ മാനസികനിയന്ത്രണം പാലിച്ചില്ലെങ്കില്‍ അനര്‍ത്ഥങ്ങളുണ്ടാകും. ചെലവുകള്‍ അധികമാണോയെന്ന്‌ സ്വയം പരിശോധിച്ച്‌ തിരുത്തുക. കഴിവതും സഹോദരങ്ങളുടെ വസ്‌ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയടക്കം അന്യരുടെ സാധനങ്ങള്‍ ഉപയോഗിക്കരുത്‌. ഉള്ളുതുറന്ന്‌ സ്‌നേഹിക്കുവാനും സമര്‍പ്പിക്കുവാനും ഭര്‍ത്താവിങ്കല്‍ മാത്രം തുനിയുക. അല്‌പം വൈകിയെങ്കിലും നിങ്ങളുടെ സ്‌നേഹം ഭര്‍ത്താവ്‌ തിരിച്ചറിയും.

നക്ഷത്രം- തൃക്കേട്ട
നക്ഷത്രവിശേഷം: നക്ഷത്രദേവന്‍ - ഇന്ദ്രന്‍ , ഗണം- അസുരം, ഭൂതം-വായു, മൃഗം-കേഴ, പക്ഷി-കോഴി, വൃക്ഷം- വെട്ടി, ഉപാസനാമൂര്‍ത്തി- കാര്‍ത്ത്യായനീദേവി, കാര്‍ത്തികേയന്‍ .
ശ്രദ്ധിക്കേണ്ടത്‌: സ്വഭാവത്തില്‍ അല്‌പം ആണത്തം കാട്ടുന്നത്‌ അപകടകരമാകാതെ ശ്രദ്ധിക്കണം. സംസാരശൈലിയിലുള്ള ആകര്‍ഷകത്വം കാര്യസാധ്യത്തിന്‌ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെങ്കിലും ചൂഷണത്തിന്‌ ഇരയാകാതെ ശ്രദ്ധിക്കുക.
ജീവിതം ഒന്നേയുള്ളൂ അത്‌ ആസ്വദിക്കേണ്ടതാണ്‌ എന്ന തത്വം ഒരുപരിധിവരെ ശരിയാണെങ്കിലും സൂക്ഷ്‌മനിരീക്ഷകനായി നമ്മുടെ നന്മതിന്മകള്‍ പരിശോധിക്കുവാന്‍ സര്‍വ്വാധിപനായ ജഗദീശ്വരന്‍ നമുക്കുമേലേ എപ്പോഴും ജാഗരൂഗനായിട്ടുണ്ടെന്ന്‌ മനസ്സിലാക്കുക. 'നിങ്ങള്‍ അളക്കുന്ന കോല്‍കൊണ്ടുതന്നെ നിങ്ങളെയും അളക്കും' എന്ന മഹത്‌വചനത്തിന്റെ അര്‍ത്ഥവും വ്യാപ്‌തിയും മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ അനിഷ്‌ടഫലങ്ങള്‍ ഒഴിവായിക്കിട്ടും. പ്രശ്‌നങ്ങളില്‍ വികാരഭരിതമായിട്ട്‌ കാര്യമില്ല. വിവേകബുദ്ധി ഉപയോഗിച്ച്‌ ചിന്തിച്ചു പരിഹാരം കണ്ടെത്തുക. ശുഭമുണ്ടാകും.
(തുടരും...)

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top