Last Updated 1 min 32 sec ago
03
Tuesday
March 2015

ജാതകദോഷത്തിന്‌ പരിഹാരം വാഴക്കല്യാണം

mangalam malayalam online newspaper

ജാതകദോഷത്തിന്റെ പേരില്‍ പല നല്ല വിവാഹാലോചനകളും മുടങ്ങാറുണ്ട്‌. അതിന്‌ പരിഹാരമായിട്ടാണ്‌ 'വാഴക്കല്യാണം' എന്നൊരു സമ്പ്രദായം വളരെക്കാലമായി നിലനിന്നുപോരുന്നത്‌. ഇത്തരം കല്യാണം ഒരുകാലത്ത്‌ തമിഴ്‌നാട്ടില്‍ വളരെ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ ഈയിടെ പാലക്കാട്‌ ജില്ലയിലെ ഒരിടത്ത്‌ ഒരു നായര്‍കുടുംബത്തില്‍ 'വാഴക്കല്യാണം' നടന്നു.

ഭൂരിഭാഗം ഹിന്ദുക്കളും ജാതകപ്പൊരുത്തത്തില്‍ വിശ്വസിക്കുന്നവരാകയാല്‍ വിവാഹാലോചനയുമായി മുന്നോട്ടു പോകണമെങ്കില്‍ ജാതകം ചേര്‍ന്നിരിക്കണം എന്നത്‌ അവര്‍ക്ക്‌ നിര്‍ബ്ബന്ധമാണ്‌. വിവാഹത്തിനുശേഷം എന്തു സംഭവിച്ചാലും വിരോധമില്ല- അത്‌ തലവിധി എന്ന്‌ കരുതുന്നവരുമുണ്ട്‌. ജ്യോത്സ്യന്‍ പറയുന്നത്‌ അവസാനവാക്കായി സ്വീകരിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌. ജ്യോതിഷപ്രകാരം നല്ല ചേര്‍ച്ചയുണ്ടെന്നു തെളിഞ്ഞാല്‍ പെണ്ണുകാണല്‍ചടങ്ങ്‌ മുറപോലെ നടക്കും; പെണ്ണിനെ ഇഷ്‌ടപ്പെട്ടാല്‍ ചെറുക്കന്റെ വീടുകാണാന്‍ പോകും; എല്ലാം അനുയോജ്യമായിവന്നാല്‍ വിവാഹത്തീയതി നിശ്‌ചയിക്കുന്ന തിടുക്കത്തിലായിരിക്കും ഇരുകൂട്ടരും.
എന്നാല്‍ ഇതിനെല്ലാം വിപരീതമായി ചില ആലോചനകള്‍ ജാതകദോഷത്തിന്റെ പേരില്‍ മുടങ്ങിപ്പോകാറുണ്ട്‌. ഇവ തീരാനഷ്‌ടങ്ങള്‍ വരുത്തിവയ്‌ക്കുന്നു എന്നുമാത്രമല്ല; കടുത്ത മനഃപ്രയാസം സൃഷ്‌ടിക്കുകയും എന്തു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ജോഡികളെ വിയോജിപ്പിക്കാന്‍ ശ്രമിക്കുന്ന ജാതകത്തിലെ അപാകതകളെ അതിജീവിക്കാന്‍ ചിലര്‍ക്കിടെ നടത്തിവരാറുള്ള ഒരു സമ്പ്രദായമാണ്‌ 'വാഴക്കല്യാണം'. ജാതകദോഷം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ രണ്ടാംകല്യാണം എന്നാണ്‌. രണ്ടാംകല്യാണത്തിന്‌ സാധ്യത ചെറുക്കനാണ്‌. ആയതിനാല്‍ യഥാര്‍ത്ഥ രണ്ടാം കല്യാണം സംഭവിക്കാതിരിക്കാനും അതിനൊരു പരിഹാരവുമായിട്ടാണ്‌ വാഴക്കല്യാണത്തിലൂടെ ദോഷം അകറ്റുന്നത്‌.

ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരും, കോളജുപഠനകാലംതൊട്ടേ പ്രണയിച്ചവരും സാമ്പത്തികശേഷിയുള്ളവരും ഉന്നതപദവികള്‍ അലങ്കരിക്കുന്നവരും ഉള്‍പ്പെട്ട കമിതാക്കള്‍ ഇത്തരം ദോഷങ്ങളെ വകയ്‌ക്കാതെ വിവാഹത്തിന്‌ നിര്‍ബന്ധം പിടിക്കുമ്പോള്‍ അവര്‍ക്ക്‌ ആത്മധൈര്യം പകരാനും അവരുടെ ദോഷങ്ങള്‍ അകലാനും ജീവിതം ധന്യമാകാനും വാഴക്കല്യാണം താങ്ങും തണലുമാകുന്നു.
വാഴക്കല്യാണം

വിവാഹത്തലേന്ന്‌ അനുഷ്‌ഠിക്കേണ്ട ചടങ്ങാണിത്‌. വാഴയില്‍നിന്നും ഇലകള്‍ മുറിച്ചുനീക്കി കിഴങ്ങോടുകൂടിയ തണ്ടിനെ വധുവായി സങ്കല്‌പിച്ച്‌ പൊട്ടുതൊട്ട്‌ പട്ടുവസ്‌ത്രങ്ങള്‍ ചൂടിച്ച്‌ പൂക്കളാല്‍ അലങ്കരിക്കണം. വധുവിന്റെ വീട്ടിലുള്ള ഒരു മുറിയില്‍വച്ചായിരിക്കണം ചടങ്ങ്‌ നടത്തേണ്ടത്‌. അഞ്ചു തിരിയിട്ട നിലവിളക്ക്‌ കൊളുത്തിവച്ച്‌ നാദസ്വരവാദ്യത്തോടെ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ വരന്‍ വാഴയില്‍ താലികെട്ടണം.
അതിനുശേഷം വരന്‍ ആ മുറിയില്‍ കതകടച്ച്‌ തനിച്ചിരിക്കണം. പിന്നീട്‌ വാഴവെട്ടി തുണ്ടുതുണ്ടാക്കണം. ഇത്രയും ചെയ്‌തശേഷം കതകുതുറന്ന്‌ ആരോടും ഒന്നും ഉരിയാടാതെ, തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ഗെയ്‌റ്റ് തുറന്ന്‌ വീടുവിട്ട്‌ പോകണം.

അടുത്ത പ്രക്രിയ

സങ്കല്‌പവധു മരണപ്പെട്ടെന്ന്‌ വിശ്വസിച്ച്‌ ആയതിന്റെ അന്ത്യക്രിയാദികള്‍ സാക്ഷാല്‍ വധുവിന്റെ സഹോദരന്‍ നിര്‍വ്വഹിക്കുകയും വേണം. കോടിമുണ്ടും ചുവന്ന പട്ടുംകൊണ്ട്‌ വാഴയെ പൊതിഞ്ഞ്‌ ഒരു മൃതദേഹമെന്നോണം കിടത്തി അന്ത്യകര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കണം. പിന്നീട്‌ മണ്‍കുടവുമെടുത്ത്‌ ഒരു ശവയാത്രയായി പുറപ്പെട്ട്‌ ഇതിനെ ഒരു പുഴയില്‍ ഒഴുക്കിക്കളയണം.
ഇതോടെ ജാതകദോഷം നീങ്ങിക്കിട്ടിയെന്ന ആത്മവിശ്വാസവും ആത്മധൈര്യവും ഏവര്‍ക്കും കൈവരുന്നു. പിറ്റേദിവസം ശുഭമുഹൂര്‍ത്തത്തില്‍ യഥാര്‍ത്ഥ വിവാഹം. വരന്‍ വധുവിന്‌ താലിചാര്‍ത്തി അതിന്റേതായ പ്രൗഢിയിലും മോടിയിലും വിവാഹം നടത്തുന്നു. ആ ചടങ്ങില്‍ പങ്കെടുത്ത്‌ സര്‍വ്വരും കൃതാര്‍ത്ഥരാവുന്നതോടെ രണ്ടാംകല്യാണം യാഥാര്‍ത്ഥ്യമാകുന്നു.
ജാതകദോഷത്തിനുപരി മനപ്പൊരുത്തത്തിന്‌ പ്രാധാന്യം കല്‌പിക്കുന്ന യുവഹൃദയങ്ങള്‍ക്ക്‌ ഇത്തരം സംരംഭങ്ങള്‍ കരുത്തുപകരട്ടെ....

പല്ലാവൂര്‍ ഗോപിനാഥന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();